സിനിമയിലെ എല്ലാ തരത്തിലുള്ള അസമത്വങ്ങളും എതിർക്കപ്പെടേണ്ടതാണ് എന്നവർ പറഞ്ഞ് തുടങ്ങി. ആ കൂട്ടായ്മ വിമൻ ഇൻ സിനിമ കലക്ടീവ് എന്ന പേരിൽ സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനിറങ്ങിത്തിരിച്ചപ്പോൾ പ്രമുഖർക്ക് പലർക്കും നൊന്തു എന്നതാണ് സത്യം.പ്രത്യേകിച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിസ്ഥാനത്ത് ശക്തനായ ദിലീപാണുള്ളത് എന്നത് കൊണ്ട് തന്നെ. വിമൻ ഇൻ സിനിമ കലക്ടീവിനേയും പാർവ്വതിയേയും കടന്നാക്രമിക്കാൻ ഒരു വിഭാഗത്തിന് വീണ് കിട്ടിയ സന്ദർഭം മാത്രമായിരുന്നു കസബ വിവാദം. അതല്ലെങ്കിൽ മറ്റൊന്നിന്റെ പേരിൽ ഈ പെൺകൂട്ടം സംഘടിതമായി ആക്രമിക്കപ്പെടുമെന്നുറപ്പാണ്. ഏഷ്യാനെറ്റ് ചാനലിൽ ബഡായ് ബംഗ്ലാവ് എന്ന പേരിൽ അവതരിപ്പിക്കുന്ന പരിപാടിയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച സ്കിറ്റ് പാർവ്വതിയേയും വിമൻ ഇൻ സിനിമ കലക്ടീവിനെയും പരസ്യമായി അധിക്ഷേപിക്കുന്നതായിരുന്നു.രമേഷ് പിഷാരടി അവതാരകനായ വളരെ ജനപ്രീതിയുള്ള ഏഷ്യാനെറ്റിലെ പരിപാടിയാണ് ബഡായി ബംഗ്ലാവ്. നടനും എംഎൽഎയുമായ മുകേഷും ഈ ഷോയിലെ താരമാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നടന്മാരായ സലിം കുമാറും ജയറാമും ആയിരുന്നു അതിഥികളായി എത്തിയത്. പരിപാടിക്കിടെ മറ്റൊരു അവതാരകയായ ആര്യയുടെ സ്കിറ്റാണ് പാർവ്വതിയേയും വിമൻ ഇൻ സിനിമ കലക്ടീവിനേയും ഫെമിനിസത്തേയും തന്നെ അധിക്ഷേപിക്കുന്ന തരത്തിലായത്.